1:1 ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസില്‍ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവില്‍ വിശ്വാസികളുമായവര്‍ക്കും എഴുതുന്നതു 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ . 4 നാം തന്‍റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനില്‍ തിരഞ്ഞെടുക്കയും 5 തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു 6 അവന്‍ പ്രിയനായവനില്‍ നമുക്കു സൌജന്യമായി നല്കിയ തന്‍റെ കൃപാമഹത്വത്തിന്‍റെ പുകഴ്ചെക്കായി സ്നേഹത്തില്‍ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. 7 അവനില്‍ നമുക്കു അവന്‍റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 8 അതു അവന്‍ നമുക്കു താന്‍ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. 9 അവനില്‍ താന്‍ മുന്നിര്‍ണ്ണയിച്ച തന്‍റെ പ്രസാദത്തിന്നു തക്കവണ്ണം തന്‍റെ ഹിതത്തിന്‍റെ മര്‍മ്മം അവന്‍ നമ്മോടു അറിയിച്ചു. 10 അതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ. 11 അവനില്‍ നാം അവകാശവും പ്രാപിച്ചു, തന്‍റെ ഹിതത്തിന്‍റെ ആലോചനപോലെ സകലവും പ്രവര്‍ത്തിക്കുന്നവന്‍റെ നിര്‍ണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു 12 മുമ്പില്‍കൂട്ടി ക്രിസ്തുവില്‍ ആശവെച്ചവരായ ഞങ്ങള്‍ അവന്‍റെ മഹത്വത്തിന്‍റെ പൂകഴ്ചെക്കാകേണ്ടതിന്നു തന്നേ. 13 അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ടു, 14 തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിന്നു വേണ്ടി തന്‍റെ മഹത്വത്തിന്‍റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തില്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രയിട്ടിരിക്കുന്നു. 15 അതുനിമിത്തം ഞാനും നിങ്ങള്‍ക്കു കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, 16 നിങ്ങള്‍ക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്‍റെ പ്രാര്‍ത്ഥനയില്‍ 17 നിങ്ങളെ ഓര്‍ത്തുംകൊണ്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു 18 അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരല്‍ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിന്‍ വല്ലഭത്വത്തിന്‍റെ വ്യാപാരത്താല്‍ വിശ്വസിക്കുന്ന 19 നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങള്‍ അറിയേണ്ടതിന്നും പ്രാര്‍ത്ഥിക്കുന്നു. 20 അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിക്കയും 21 സ്വര്‍ഗ്ഗത്തില്‍ തന്‍റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കര്‍ത്തൃത്വത്തിന്നും ഈ ലോകത്തില്‍ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും 22 സര്‍വ്വവും അവന്‍റെ കാല്‍ക്കീഴാക്കിവെച്ചു അവനെ സര്‍വ്വത്തിന്നും മീതെ തലയാക്കി 23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്‍റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.
2:1 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ ഉയിര്‍പ്പിച്ചു. 2 അവയില്‍ നിങ്ങള്‍ മുമ്പെ ഈ ലോകത്തിന്‍റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്‍റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. 3 അവരുടെ ഇടയില്‍ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളില്‍ നടന്നു ജഡത്തിന്നും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല്‍ കോപത്തിന്‍റെ മക്കള്‍ ആയിരുന്നു. 4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം 5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു — 6 ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളില്‍ കാണിക്കേണ്ടതിന്നു 7 ക്രിസ്തുയേശുവില്‍ അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്പിച്ചു സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്തു. 8 കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു. 9 ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല. 10 നാം അവന്‍റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു. 11 ആകയാല്‍ നിങ്ങള്‍ മുമ്പെ പ്രകൃതിയാല്‍ ജാതികളായിരുന്നു; ജഡത്തില്‍ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാര്‍ എന്നു പേരുള്ളവരാല്‍ അഗ്രചര്‍മ്മക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു; 12 അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്‍റെ നിയമങ്ങള്‍ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓര്‍ത്തുകൊള്‍വിന്‍ . 13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ക്രിസ്തുവിന്‍റെ രക്തത്താല്‍ സമീപസ്ഥരായിത്തീര്‍ന്നു. 14 അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താല്‍ നീക്കി വേര്‍പ്പാടിന്‍റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു 15 ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും 16 ക്രൂശിന്മേല്‍വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നേ. 17 അവന്‍ വന്നു ദൂരത്തായിരുന്ന നിങ്ങള്‍ക്കു സമാധാനവും സമീപത്തുള്ളവര്‍ക്കും സമാധാനവും സുവിശേഷിച്ചു. 18 അവന്‍ മുഖാന്തരം നമുക്കു ഇരുപക്ഷക്കാര്‍ക്കും ഏകാത്മാവിനാല്‍ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. 19 ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമത്രേ. 20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു. 21 അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്നു കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു. 22 അവനില്‍ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന്നു ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു.
3:1 അതുനിമിത്തം പൌലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്‍റെ ബദ്ധനായിരിക്കുന്നു. 2 നിങ്ങള്‍ക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു 3 ഞാന്‍ മീതെ ചുരുക്കത്തില്‍ എഴുതിയതുപോലെ വെളിപ്പാടിനാല്‍ എനിക്കു ഒരു ധര്‍മ്മം അറിയായ്‍വന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 4 നിങ്ങള്‍ അതുവായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്‍മ്മത്തില്‍ എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം. 5 ആ മര്‍മ്മം ഇപ്പോള്‍ അവന്‍റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വ്വകാലങ്ങളില്‍ മനുഷ്യര്‍ക്കും അറിയായ്‍വന്നിരുന്നില്ല. 6 അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ. 7 ആ സുവിശേഷത്തിന്നു ഞാന്‍ അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്‍റെ കൃപാദാനത്താല്‍ ശുശ്രൂഷക്കാരനായിത്തീര്‍ന്നു. 8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്‍റെ അപ്രമേയധനത്തെക്കുറിച്ചു 9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്‍റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. 10 അങ്ങനെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം, 11 അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു. 12 അവനില്‍ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താല്‍ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. 13 അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകയാല്‍ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാന്‍ അപേക്ഷിക്കുന്നു. 14 അതുനിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും 15 പേര്‍ വരുവാന്‍ കാരണമായ പിതാവിന്‍റെ സന്നിധിയില്‍ മുട്ടുകുത്തുന്നു. 16 അവന്‍ തന്‍റെ മഹത്വത്തിന്‍റെ ധനത്തിന്നു ഒത്തവണ്ണം അവന്‍റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും 17 ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി 18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും 19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ത്ഥിക്കുന്നു. 20 എന്നാല്‍ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്നു 21 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേന്‍ .
4:1 കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം 2 പൂര്‍ണ്ണവിനയത്തോടും സൌമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കയും 3 ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍ . 4 നിങ്ങളെ വിളിച്ചപ്പോള്‍ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, 5 കര്‍ത്താവു ഒരുവന്‍ , വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവര്‍ക്കും മീതെയുള്ളവനും 6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍ . 7 എന്നാല്‍ നമ്മില്‍ ഓരോരുത്തന്നു ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. 8 അതുകൊണ്ടു: “അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. 9 കയറി എന്നതിനാല്‍ അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? 10 ഇറങ്ങിയവന്‍ സകലത്തെയും നിറെക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു. 11 അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; 12 അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം 13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവര്‍ദ്ധനെക്കും ആകുന്നു. 14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ 15 സ്നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും. 16 ശരീരം മുഴുവനും യുക്തമായി ചേര്‍ന്നും ഏകീഭവിച്ചും ഔരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വര്‍ദ്ധനെക്കായി അവനില്‍ നിന്നു വളര്‍ച്ച പ്രാപിക്കുന്നു. 17 ആകയാല്‍ ഞാന്‍ കര്‍ത്താവില്‍ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാല്‍ : ജാതികള്‍ തങ്ങളുടെ വ്യര്‍ത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുതു. 18 അവര്‍ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ, 19 ദൈവത്തിന്‍റെ ജീവനില്‍ നിന്നു അകന്നു മനം തഴമ്പിച്ചു പോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു. 20 നിങ്ങളോ യേശുവില്‍ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനില്‍ ഉപദേശം ലഭിച്ചു എങ്കില്‍ 21 ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു. 22 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു 23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു 24 സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍ . 25 ആകയാല്‍ ഭോഷകു ഉപേക്ഷിച്ചു ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍ ; നാം തമ്മില്‍ അവയവങ്ങളല്ലോ. 26 കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍ . സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുതു. 27 പിശാചിന്നു ഇടം കൊടുക്കരുതു. 28 കള്ളന്‍ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാന്‍ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവര്‍ത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു. 29 കേള്‍ക്കുന്നവര്‍ക്കും കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവര്‍ദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുതു. 30 ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങള്‍ക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. 31 എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. 32 നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍ .
5:1 ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍ . 2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്‍ 3 ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറകപോലും അരുതു; 4 അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്കും ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്‍ . കളിവാക്കു ഇങ്ങനെ ചേര്‍ച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു. 5 ദുര്‍ന്നടപ്പുകാരന്‍ , അശുദ്ധന്‍ , വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്കും ആര്‍ക്കും ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്തില്‍ അവകാശമില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 6 വ്യര്‍ത്ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു. 7 നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുതു. 8 മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു. 9 കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍ . 10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്‍റെ ഫലം. 11 ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു. 12 അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍ പോലും ലജ്ജയാകുന്നു. 13 അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ. 14 അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്നു എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്‍റെ മേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു. 15 ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍ . 16 ഇതു ദുഷ്കാലമാകയാല്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വിന്‍ . 17 ബുദ്ധിഹീനരാകാതെ കര്‍ത്താവിന്‍റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍ . 18 വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീര്‍ത്തനങ്ങളാലും 19 സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിന്നു പാടിയും കീര്‍ത്തനം ചെയ്തും 20 നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍ . 21 ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍ . 22 ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍ . 23 ക്രിസ്തു ശരീരത്തിന്‍റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യകൂ തലയാകുന്നു. 24 എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം. 25 ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ . 26 അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും 27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. 28 അവ്വണ്ണം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്താന്‍ സ്നേഹിക്കുന്നു. 29 ആരും തന്‍റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രേ ചെയ്യുന്നതു. 30 നാം അവന്‍റെ ശരീരത്തിന്‍റെ അവയവങ്ങളല്ലോ. 31 അതു നിമിത്തം ഒരു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും . 32 ഈ മര്‍മ്മം വലിയതു; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. 33 എന്നാല്‍ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തന്‍ താന്താന്‍റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
6:1 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍ ; അതു ന്യായമല്ലോ. 2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും 3 നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. 4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്‍റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍ . 5 ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്‍റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍ . 6 ദൃഷ്ടിസേവയാല്‍ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും 7 മനുഷ്യരെയല്ല കര്‍ത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിന്‍ . 8 ദാസനോ സ്വതന്ത്രനോ ഓരോരുത്തന്‍ ചെയ്യുന്ന നന്മെക്കു കര്‍ത്താവില്‍ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 9 യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനന്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നും അവന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‍വിന്‍ . 10 ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിത ബലത്തിലും ശക്തിപ്പെടുവിന്‍ . 11 പിശാചിന്‍റെ തന്ത്രങ്ങളോടു എതിര്‍ത്തുനില്പാന്‍ കഴിയേണ്ടതിന്നു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊള്‍വിന്‍ . 12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. 13 അതുകൊണ്ടു നിങ്ങള്‍ ദുര്‍ദ്ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം എടുത്തുകൊള്‍വിന്‍ . 14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം 16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിന്‍ . 17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്‍വിന്‍ . 18 സകലപ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍ . 19 ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്‍റെ മര്‍മ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാന്‍ എന്‍റെ വായി തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും 20 ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്‍ത്ഥിപ്പിന്‍ . 21 ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്നു എന്‍റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കര്‍ത്താവില്‍ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും. 22 നിങ്ങള്‍ ഞങ്ങളുടെ വസ്തുത അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു. 23 പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശു ക്രിസ്തുവിങ്കല്‍ നിന്നും സഹോദരന്മാര്‍ക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ. 24 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.