Philippians

1:1 ക്രിസ്തുയേശുവിന്‍റെ ദാസന്മാരായ പൌലോസും തിമൊഥെയോസും ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും ശുശ്രൂഷന്മാര്‍ക്കും കൂടെ എഴുതുന്നതു: 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 ഞാന്‍ നിങ്ങള്‍ക്കു എല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകലപ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചും 4 നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. 5 ഒന്നാംനാള്‍ മുതല്‍ ഇതുവരെയും സുവിശേഷഘോഷണത്തില്‍ നിങ്ങള്‍ക്കുള്ള കൂട്ടായ്മ നിമിത്തം 6 ഞാന്‍ നിങ്ങളെ ഓ‍ര്‍ക്കുമ്പോള്‍ ഒക്കെയും എന്‍റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 7 കൃപയില്‍ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്‍റെ ബന്ധനങ്ങളിലും സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാന്‍ എന്‍റെ ഹൃദയത്തില്‍ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ. 8 ക്രിസ്തുയേശുവിന്‍റെ ആര്‍ദ്രതയോടെ ഞാന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി. 9 നിങ്ങളുടെ സ്നേഹം മേലക്കുമേല്‍ പരിജ്ഞാനത്തിലും സകല വിവേകത്തിലും വര്‍ദ്ധിച്ചു വന്നിട്ടു 10 നിങ്ങള്‍ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്‍റെ നാളിലേക്കു നിര്‍മ്മലന്മാരും ഇടര്‍ച്ചയില്ലാത്തവരും 11 ദൈവത്തിന്‍റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാല്‍ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 12 സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. 13 എന്‍റെ ബന്ധനങ്ങള്‍ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തില്‍ ഒക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായിവരികയും 14 സഹോദരന്മാര്‍ മിക്കപേരും എന്‍റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്‍റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു. 15 ചിലര്‍ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; 16 ചിലരോ നല്ല മനസ്സോടെ തന്നേ. അവര്‍ സുവിശേഷത്തിന്‍റെ പ്രതിവാദത്തിന്നായിട്ടു ഞാന്‍ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താല്‍ ചെയ്യുന്നു. 17 മറ്റവരോ എന്‍റെ ബന്ധനങ്ങളില്‍ എനിക്കു ക്ലേശം വരുത്തുവാന്‍ ഭാവിച്ചുകൊണ്ടു നിര്‍മ്മലതയോടെയല്ല ശാഠ്യത്താല്‍ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു. 18 പിന്നെ എന്തു? നാട്യമായിട്ടോ പരമാര്‍ത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. 19 നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാന്‍ അറിയുന്നു. 20 അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്‍റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യശിക്കയും ചെയ്യുന്നു. 21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു. 22 എന്നാല്‍ ജഡത്തില്‍ ജീവിക്കുന്നതിനാല്‍ എന്‍റെ വേലെക്കു ഫലം വരുമെങ്കില്‍ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാന്‍ അറിയുന്നില്ല. 23 ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. 24 എന്നാല്‍ ഞാന്‍ ജഡത്തില്‍ ഇരിക്കുന്നതു നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം. 25 ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്‍റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാന്‍ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു. 26 അങ്ങനെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങി വരുന്നതിനാല്‍ എന്നെക്കുറിച്ചു നിങ്ങള്‍ക്കുള്ള പ്രശംസ ക്രിസ്തുയേശുവില്‍ വര്‍ദ്ധിപ്പാന്‍ ഇടയാകും. 27 ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്‍റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍ . 28 ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു; 29 അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവില്‍ വിശ്വസിപ്പാന്‍ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങള്‍ക്കു വരം നല്കിയിരിക്കുന്നു. 30 നിങ്ങള്‍ എങ്കല്‍ കണ്ടതും ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടം നിങ്ങള്‍ക്കും ഉണ്ടല്ലോ.

2:1 ക്രിസ്തുവില്‍ വല്ല പ്രബോധനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്‍റെ വല്ല ആശ്വാസവും ഉണ്ടെങ്കില്‍, ആത്മാവിന്‍റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല ആര്‍ദ്രതയും മനസ്സലിവും ഉണ്ടെങ്കില്‍ . 2 നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്‍റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍ . 3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓ‍രോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍ . 4 ഓ‍രോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്‍റെ ഗുണവും കൂടെ നോക്കേണം. 5 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. 6 അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 7 വിചാരിക്കാതെ ദാസരൂപം എടുത്തു 8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു. 9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിന്നും മേലായ നാമം നല്കി; 10 അങ്ങനെ യേശുവിന്‍റെ നാമത്തില്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും 11 എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു”എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. 12 അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങള്‍ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാന്‍ അരികത്തിരിക്കുമ്പോള്‍ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവര്‍ത്തിപ്പിന്‍ . 13 ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നതു. 14 വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നിങ്ങള്‍ അനിന്ദ്യരും പരമാര്‍ത്ഥികളും ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിന്‍ . 15 അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്‍റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. 16 അങ്ങനെ ഞാന്‍ ഓ‍ടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്‍റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും. 17 എന്നാല്‍ നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്‍റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും. 18 അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിന്‍ ; എന്നോടുകൂടെ സന്തോഷിപ്പിന്‍ ; 19 എന്നാല്‍ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തില്‍ അങ്ങോട്ടു അയക്കാം എന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ ആശിക്കുന്നു. 20 നിങ്ങളെ സംബന്ധിച്ചു പരമാര്‍ത്ഥമായി കരുതുവാന്‍ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. 21 യേശുക്രിസ്തുവിന്‍റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. 22 അവനോ മകന്‍ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ സേവചെയ്തു എന്നുള്ള അവന്‍റെ സിദ്ധത നിങ്ങള്‍ അറിയുന്നുവല്ലോ. 23 ആകയാല്‍ എന്‍റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാന്‍ അവനെ അയപ്പാന്‍ ആശിക്കുന്നു. 24 ഞാനും വേഗം വരും എന്നു കര്‍ത്താവില്‍ അശ്രയിച്ചിരിക്കുന്നു. 25 എന്നാല്‍ എന്‍റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്‍റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി. 26 അവന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ വാഞ്ഛിച്ചും താന്‍ ദീനമായി കിടന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. 27 അവന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേല്‍ ദുഃഖം വരാതിരിപ്പാന്‍ എന്നോടും കരുണ ചെയ്തു. 28 ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു. 29 അവനെ കര്‍ത്താവില്‍ പൂര്‍ണ്ണസന്തോഷത്തോടെ കൈക്കൊള്‍വിന്‍ ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിന്‍ . 30 എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീര്‍പ്പാനല്ലോ അവന്‍ തന്‍റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്‍റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.

3:1 ഒടുവില്‍ എന്‍റെ സഹോദരന്മാരേ, കര്‍ത്താവില്‍ സന്തോഷിപ്പിന്‍ . അതേ കാര്യം നിങ്ങള്‍ക്കു പിന്നെയും എഴുതുന്നതില്‍ എനിക്കു മടുപ്പില്ല; നിങ്ങള്‍ക്കു അതു ഉറപ്പുമാകുന്നു 2 നായ്ക്കളെ സൂക്ഷിപ്പിന്‍ ; ആകാത്ത വേലക്കരെ സൂക്ഷിപ്പിന്‍ ; വിച്ഛേദനക്കാരെ സൂക്ഷിപ്പിന്‍ . 3 നാമല്ലോ പരിച്ഛേദനക്കാര്‍ ; ദൈവത്തിന്‍റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ. 4 പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; 5 എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍ ; യിസ്രായേല്‍ജാതിക്കാരന്‍ ; ബെന്യമീന്‍ ഗോത്രക്കാരന്‍ ; എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍ ; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍ ; 6 ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍ ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍ . 7 എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. 8 അത്രയുമല്ല, എന്‍റെ കര്‍ത്താവായ ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശേഷ്ര്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. 9 ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തില്‍നിന്നുള്ള എന്‍റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കും നലകുന്ന നീതി തന്നേ ലഭിച്ചു 10 അവനില്‍ ഇരിക്കേണ്ടതിന്നും അവന്‍റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും 11 അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാന്‍ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. 12 ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള. 13 സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. 14 ഒന്നു ഞാന്‍ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓ‍ടുന്നു. 15 നമ്മില്‍ തികഞ്ഞവര്‍ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊള്‍ക; വല്ലതിലും നിങ്ങള്‍ വേറെവിധമായി ചിന്തിച്ചാല്‍ ദൈവം അതുവും നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും. 16 എന്നാല്‍ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക. 17 സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും എന്നെ അനുകരിപ്പിന്‍ ; ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊള്‍വിന്‍ . 18 ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകര്‍ ക്രിസ്തുവിന്‍റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോള്‍ കരഞ്ഞുംകൊണ്ടു പറയുന്നു. 19 അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു. 20 നമ്മുടെ പൌരത്വമോ സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവിടെ നിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. 21 അവന്‍ സകലവും തനിക്കു കീഴ്പെടുത്തുവാന്‍ കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

4:1 അതുകൊണ്ടു എന്‍റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്‍റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കര്‍ത്താവില്‍ നിലനില്പിന്‍ , പ്രിയമുള്ളവരേ. 2 കര്‍ത്താവില്‍ ഏകചിന്തയോടിരിപ്പാന്‍ ഞാന്‍ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു. 3 സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കും തുണനില്‍ക്കേണം എന്നു ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ലേമന്ത് മുതലായ എന്‍റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു. 4 കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍ ; സന്തോഷിപ്പിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു. 5 നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കര്‍ത്താവു വരുവാന്‍ അടുത്തിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. 7 എന്നാല്‍ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും. 8 ഒടുവില്‍ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിര്‍മ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീര്‍ത്തിയായതു ഒക്കെയും സല്‍ഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍ . 9 എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവര്‍ത്തിപ്പിന്‍ ; എന്നാല്‍ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 10 നിങ്ങള്‍ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാന്‍ തുടങ്ങിയതിനാല്‍ ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങള്‍ക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. 11 ബുദ്ധിമുട്ടു നിമിത്തമല്ല ഞാന്‍ പറയുന്നതു; ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിപ്പാന്‍ ഞാന്‍ പഠിച്ചിട്ടുണ്ടു. 12 താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാന്‍ ശീലിച്ചിരിക്കുന്നു. 13 എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു. 14 എങ്കിലും എന്‍റെ കഷ്ടതയില്‍ നിങ്ങള്‍ കൂട്ടായ്മ കാണിച്ചതു നന്നായി. 15 ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്‍റെ ആരംഭത്തില്‍ ഞാന്‍ മക്കദോന്യയില്‍നിന്നു പുറപ്പെട്ടാറെ നിങ്ങള്‍ മാത്രമല്ലാതെ ഒരു സഭയും വരവുചിലവുകാര്യത്തില്‍ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു. 16 തെസ്സലൊനീക്യയിലും എന്‍റെ ബുദ്ധിമുട്ടു തീര്‍പ്പാന്‍ നിങ്ങള്‍ ഒന്നുരണ്ടുവട്ടം അയച്ചു തന്നുവല്ലോ. 17 ഞാന്‍ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു. 18 ഇപ്പോള്‍ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങള്‍ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്‍റെ കയ്യാല്‍ ഞാന്‍ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു. 19 എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്‍റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും. 20 നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ . 21 ക്രിസ്തുയേശുവില്‍ ഓ‍രോ വിശുദ്ധനെയും വന്ദനം ചെയ്‍വിന്‍ . എന്നോടുകൂടെയുള്ള സഹോദരന്മാര്‍ നിങ്ങളെ വന്ദനം ചെയ്യുന്നു. 22 വിശുദ്ധന്മാര്‍ എല്ലാവരും വിശേഷാല്‍ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു. 23 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.